
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനത്തോടെയാണ് ഇക്കുറി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. പെൻഷൻ - ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടുഗഡു പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു. ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.











